WELCOME

കെ. എസ്.എസ്.പി.യു. ന്റെ വെബ്സൈറ്റിലേക്ക് സ്വാഗതം WELCOME TO THE WEBSITE OF K. S. S. P. U.

NEWS

News... ജില്ലാ കൗൺസിൽ യോഗം ഗുരുവായൂരിൽ.

Thursday, 17 December 2015

VAYOJANA CHINTHAKAL (P> SIVADAS MASTER)


വയോജന ദിന ചിന്തകൾ

(രചന: പഴമ്പിള്ളി ശിവദാസ് മാസ്റ്റർ)

 

ദിനാചരണങ്ങൾ ഇന്നത്തെ സമൂഹത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. എന്തിനും ഏതിനും ഒരു ദിനം കൊണ്ടാടുക പുതു തലമുറയുടെ ശീലമായി. അങ്ങനെ ഇന്ന് അതായത് ഒക്ടോബർ ഒന്ന് നാം വയോജനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു; അതെ ഇന്നാണ്‌ ലോക വയോജന ദിനം (International Day for Older persons)

 

ജീവിതത്തിന്റെ മുക്കാൽ പങ്കും കുടുംബത്തിനായി പ്രവർത്തിച്ച്, ശരീരാവയവങ്ങളുടെ കാര്യക്ഷമത കുറഞ്ഞ കാല ഘട്ടത്തിൽ അനാഥരാകേണ്ടിവരുന്ന വന്ദ്യ വയോദികരുടെ എണ്ണം വർദ്ധിച്ചുവരുന്ന കാലമാണിത്. വികലമായ കുടുംബ ബന്ധങ്ങളാണ്‌ ഇതിന്റെ അടിസ്ഥാന കാരണം. ആയ കാലത്ത്, ചോരത്തിളപ്പ് കൂടിയ കാലത്ത്, ഇന്നത്തെ വയോജനങ്ങളിൽ പലരും അന്ന് യുവജനങ്ങളായിരുന്നപ്പോൾ, അക്കാലത്ത് വയോജനശ്രേണിയിൽ എത്തിച്ചേർന്നവരെ വീടിനും നാടിനും ഉപയോഗമില്ലാത്തവർ, ശല്യങ്ങൾഎന്നെല്ലാം ചിന്തിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ഒരു പ്രതിവർത്തനമെന്ന രീതിയിൽ അവരും വീടിന്റെ, വീട്ടുകാരുടെ അവഗണനക്കു പാത്രീഭൂതരായി തീരും എന്നത് അവിതർക്കിതമായ കാര്യമാണ്‌. കാലചക്രത്തിന്റെ തിരിയലിൽ ഓരോ സ്ഥാനവും സംഭവവും നിശ്ചിത ഇടവേളകളിൽ, നിശ്ചിതക്രമത്തിൽ ആവർത്തിക്കുന്നു. കാലഘട്ടത്തിന്റെ ആധുനികതക്കനുസരിച്ച് ഇവയുടെ തീഷ്ണത വർദ്ധിക്കുകയും ചെയ്യും.

 

മുതിർന്ന പൗരന്മാർ അവരെക്കുറിച്ചു ചിന്തിച്ചു തുടങ്ങുന്ന കാലഘട്ടം ആസന്നമാകുന്നത് അവർക്കു വയസ്സായി എന്ന തോന്നൽ ഉണ്ടാകുമ്പോഴാണ്‌. അങ്ങനെ തന്നിലേക്കുതന്നെ ഒതുങ്ങിക്കൂടുവാൻ മനസ്സിനെ അനുവദിക്കാതിരിക്കുകയാണ്‌ ആദ്യം നാം ചെയ്യേണ്ടത്. പ്രായമെത്രയായാലും മനസ്സിനെ നാല്പതിന്റെ അതിർത്തി കടക്കാൻ അനുവദിക്കരുത്. അതിന്‌ നാം നിരന്തരം കർമ്മനിരതരായിരിക്കേണ്ടതാണ്‌. മനസ്സിനെ സന്തോഷകരമായ ചിന്തകളിലേക്ക് മാത്രം സഞ്ചരിക്കുവാൻ നിർബന്ധിക്കുക. ദുഃഖകരമായ അനേകം കാര്യങ്ങൾ നമ്മുടെ മനസ്സിൽ തികട്ടി വരും. പക്ഷെ അവ നമ്മുടെ മനസ്സിനെ അടക്കിവാഴുവാൻ സമ്മതിക്കരുത്. അലസമല്ലാത്ത മനസ്സിനുടമയായിരിക്കുക. അലോസരമുണ്ടാക്കുന്ന മനസ്സിന്റെ അടിമയാകാതിരിക്കുക.ജീവിതാനുഭവങ്ങളാൽ സമ്പന്നരായ വയോജനങ്ങൾ അമിത പ്രതീക്ഷകൾ വച്ചുപുലർത്താതെ, ശിഷ്ടജീവിതം നഷ്ടബോധമില്ലാതെ ജീവിച്ചുതീർക്കണം. പരാശ്രയം പരമാവധി കുറയ്ക്കണം. അതിനായി ശീലിക്കണം.

 

കാര്യക്ഷത കുറഞ്ഞ ശരീരാവയവങ്ങൾ, മനസ്സെത്തുന്നിടത്ത്‌ ശരീരമെത്താത്ത അവസ്ഥ - അതാണ്‌ വയസ്സാകുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്നം. ഓർമ്മക്കുറവ്‌ ഒരോർമ്മിപ്പിക്കലാണ്‌ - വയസ്സായെന്ന ഓർമ്മിപ്പിക്കൽ. നടുവേദന, മുട്ടുവേദന, രക്താതിസമ്മർദ്ദം, മധുരരോഗം, തുടങ്ങി അസ്വസ്ഥതകളുടെയും അസുഖങ്ങളുടെയും പട്ടിക നീളമേറിയതാണ്‌. ഇവയെ അപേക്ഷിച്ച് ഗുരുതരമായ കാര്യം ഇഷ്ടജനങ്ങളുടെ അസാന്നിദ്ധ്യവും അവഗണനയുമാണ്‌. രോഗങ്ങളും മരുന്നുകളും മാത്രം ചങ്ങാതിമാരായെത്തുന്ന കാലം, ചിലരുടെ കാര്യത്തിൽ മരുന്നെന്ന മിത്രവും സമീപത്തുണ്ടാവില്ല.

 

 മക്കളുടെ, കൊച്ചുമക്കളുടെ സാമീപ്യവും പരിഗണനയും പരിചരണവും അതിയായി ആഗ്രഹിക്കുന്ന കാലത്ത് അവ ലഭിക്കാതെ വരുന്ന അവസ്ഥ. ആരുമാരും നോക്കാനില്ലാതെ അകത്തളങ്ങളിലെ അനാഥമൂലകളിൽ അഭയം പ്രാപിക്കേണ്ടി വരുന്നവരെത്ര? അമ്പലനടയിലും പള്ളിനടയിലും പാതയോരങ്ങളിലും ഉപേക്ഷിക്കപ്പെടുന്നവരെത്ര? സമ്പന്നരായവർ സമൂഹത്തെ പേടിച്ച് അഗതിമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കൊണ്ടാക്കിയവരെത്ര? ഇവരെല്ലാവരും ആയുസ്സിന്റെ അറ്റം അന്വേഷിച്ച് കിടപ്പിലാണ്‌. ഭാരതത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ ഉയർന്ന ആയുർദൈർഘ്യം മൂലം ഇത്തരം അഗതികളുടെ എണ്ണം നാൾക്കുനാൾ ഉയുർന്നുകൊണ്ടേയിരിക്കുന്നു.

 

മനസ്സു തുറന്നൊന്ന് സംസാരിക്കുവാൻ, കൊച്ചു മക്കളുടെ സ്നേഹപൂർണ്ണമായ ഒരു തലോടലിനായായി കൊതിക്കുന്ന ഇവരുടെ മനസ്സു കാണാൻ മക്കളുടെ കണ്ണുകളെന്നാണിനി തുറക്കുക? സമൂഹ മനസ്സാക്ഷിക്കു മുന്നിലെ ഈ ചോദ്യചിഹ്നം ആരാണ്‌ മാറ്റിയെടുക്കേണ്ടത്? ആസന്ന ഭാവിയിൽ തങ്ങൾക്കും അഭിമുഖീകിരിക്കേണ്ടിവരുന്ന ഈ പ്രശ്നത്തിൽ ഗുണാത്മകമായ പ്രതികരണം യുവതലമുറയിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നു.

 

സങ്കീർണ്ണതയില്ലാത്ത, ലളിതമായ ജീവിതചര്യകൾ ചിട്ടപ്പെടുത്തുക, ആയത് പാലിക്കുക, മനസ്സിന്റെ യുവത്വം നിലനിർത്തിക്കൊണ്ടുതന്നെ വൃദ്ധരാകുവാൻ തയ്യാറെടുക്കുക, ഉത്തമ സാഹിത്യ (ഭക്തി) ഗ്രന്ഥങ്ങൾ വായിക്കുക, നല്ലകാര്യങ്ങൾ മാത്രം ചിന്തിക്കുക, നമ്മുടെ സാമീപ്യത്താൽ മറ്റുള്ളവർക്ക് സന്തോഷം നല്കുക തുടങ്ങി അനേകം ലഘു കാര്യങ്ങളിലൂടെ നമ്മുടെ മനസ്സിൽ നിന്നും വ്യാകുലതയെ ഒഴിവാക്കാം. ബന്ധുമിത്രദികളുടെ ലഭ്യമായ സാപീപ്യം നിലനിർത്തുക. സാമീപ്യമാണ്‌ സമാശ്വാസം സ്നേഹമാണ്‌ സർവൗഷധം എന്നത് മനസ്സിൽ നിന്നും മായാതെ   സൂക്ഷിക്കുക. ഏവർക്കും ലോക വയോജന ദിന മംഗളാശംസകൾ!

യുവാക്കൾ അവരുടെ ഭാവി സ്വപ്നം കാണുന്നു;

മദ്ധ്യവയസ്കർ വർത്തമാന കാല ജീവിതത്തിനായി തത്രപ്പെടുന്നു;

വയോജനങ്ങൾ പോയ്പ്പോയ ഭൂതകാലത്തെ പറ്റി വ്യാകുലപ്പെടുന്നു

No comments:

Post a Comment