വേണം നമുക്ക് വേറിട്ടൊരു തൊഴിൽ സംസ്കാരം
മെയ് ഒന്ന് - സർവ്വരാജ്യ
തൊഴിലാളി ദിനം. സർവ്വ രാജ്യ തൊഴിലാളികളുടെ സ്വാതന്ത്ര്യ സമ്പാദനത്തിന്റെ ദിനമാണത്,
അവകാശ സംരക്ഷണത്തിന്റേയും. ആചരണത്തിൽ മാത്രം ഒതുങ്ങിത്തുടങ്ങിയോ മെയ്ദിനം? ഈ
ചോദ്യത്തിനു പ്രസക്തി ഏറിവരുന്ന കാലഘട്ടത്തിലൂടെയാണ് നാം ചരിക്കുന്നത്.
ദിനാചരണലക്ഷ്യം
മെയ് ദിനം തൊഴിലിന്റെയും തൊഴിലാളികളുടെ
അവകാശത്തിന്റെയും മഹത്വം ഓർമ്മിപ്പിക്കുന്ന ദിനമാണത്. ഈ ഭൂമുഖത്തുള്ള മിക്കവരും
ഒന്നല്ലെങ്കിൽ മറ്റൊരു തൊഴിൽ ചെയ്യുന്നു. ചില ആളുകൾ സ്വന്തം തൊഴിൽ ചെയ്യുന്നു.
വേറൊരു കൂട്ടം ആളുകൾ മറ്റുള്ളവരുടെ തൊഴിൽ ഉപജീവനമാർഗ്ഗമായി ചെയ്യുന്നു. അന്തിമമായി
പറഞ്ഞാൽ ഇവരെല്ലാവരും തൊഴിലാളികൾ തന്നെ. പക്ഷെ രണ്ടാം വിഭാഗത്തിൽ പെട്ടവരെ ചൂഷണം
ചെയ്യുവാനുള്ള സാദ്ധ്യത കൂടുതലാണ്. അപ്പോൾ ചൂഷകരും ചൂഷിതരും ജന്മമെടുക്കന്നു. ഇവിടെയാണ്
തൊഴിലിന്റെ മഹത്വം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത മറനീക്കി പുറത്തുവരുന്നത്. സഹജീവികളെ
വഞ്ചിക്കാതെയും, അനർഹമായ മുതൽ കാംക്ഷിക്കാതെയുമുള്ള തൊഴിൽ സംസ്കാരം ഉടലെടുക്കണം. ആ
നവ തൊഴിൽ സംസ്കാരമാണ് മഹത്തരം എന്ന് തൊഴിലുടമയും തൊഴിളാളികളും മറ്റു
ഗുണഭോക്താക്കളും മനസ്സിലാക്കുന്ന സുദിനം ആഗതമാകണം. അതായിരിക്കട്ടെ മെയ്
ദിനാചരണത്തിന്റെ ആധുനിക ലക്ഷ്യം.
തൊഴിലാളി
ദിന ചരിത്രം
1886ൽ ചിക്കാഗോയിൽ ഫെഡറേഷൻ ഓഫ്
ഓർഗനൈസ്ഡ് ട്രേഡേഴ്സ് ആന്റ് ലേബർ മൂവ്മെന്റ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ഒരു
സമരം നടന്നു. അമിതമായ അദ്ധ്വാനഭാരം കുറക്കുക, ജോലിസമയം എട്ട് മണിക്കൂറായി
നിജപ്പെടുത്തുക തുടങ്ങിയവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. സമരത്തെ തുടർന്ന്
തൊഴിലുടമ പുതിയ തൊഴിലാളികളെ നിയമിച്ച് സ്ഥാപനം പ്രവർത്തിപ്പിച്ചു. സമരക്കാർ ഇതു
തടയുകയും പ്രതിഷേധം ശക്തിപ്പെടുത്തുകയും ചെയ്തപ്പോൾ പോലീസ് വെടിവെപ്പും തൊഴിലാളി
മരണങ്ങളും നിത്യ സംഭവമായി. സമരം ജനകീയവത്കരിക്കപ്പെട്ടു.
ഹേമാർക്കറ്റിൽ സമാരാനുകൂലികളായ ജനങ്ങളും
പോലീസും ഏറ്റുമുട്ടി. അതിനിടക്കുണ്ടായ ബോമ്പു സ്ഫോടനത്തിൽ എട്ടു പോലീസുകാരും കുറെ
തൊഴിലാളികളും സമരാനുകൂലികളായ ജനങ്ങളും കൊല്ലപ്പെട്ടു. വധക്കുറ്റം ആരോപിച്ച് നാലു
സമരക്കാരെ ഭരണകൂടം 1887 നവംബർ 11 ന് വധശിക്ഷക്ക് വിധേയമാക്കി. ഇവരുടെ മൃതദേഹവും
വഹിച്ച് സമരക്കാർ നടത്തിയ വിലാപയാത്ര നഗരത്തെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ചു. സമരം
കൂടുതൽ ശക്തമായെന്നു തിരിച്ചറിഞ്ഞ ഭരണകൂടം അവസാനം ജനങ്ങൾക്കു മുന്നിൽ
മുട്ടുമടക്കി. സമരക്കാരുടെ പ്രധാന ആവശ്യമായ എട്ടു മണിക്കൂർ അദ്ധ്വാനം, എട്ടു
മണിക്കൂർ വിനോദം, എട്ടു മണികൂർ വിശ്രമം എന്ന തത്വം ഭരണാധികാരി കൾ
അംഗീകരിച്ചു.
1889ൽ പാരീസിൽ നടന്ന ഇന്റർനാഷണൽ
വർക്കിങ്മെൻസ് അസോസിയേഷൻ സമ്മേളനത്തിൽ മെയ് ഒന്ന് തൊഴിലാളി ദിനമായി
അംഗീകരിക്കുകയും അന്നു മുതൽ ആചരിക്കുവാൻ തുടങ്ങുകയും ചെയ്തു.
തൊഴിൽ
മാന്യത- സംസ്കാരം
തൊഴിൽ ചെയ്യുവാനുള്ള സന്നദ്ധത,
തൊഴിലിലുള്ള ആത്മാർത്ഥത, എന്നിവ ഏതൊരു തൊഴിലിനെയും മാന്യതയുള്ളതാക്കിത്തീർക്കും. അർപ്പണ
മനോഭാവവും ചിട്ടയുമുള്ള തൊഴിലാളികളെയാണ് നമുക്കാവശ്യം. അവകാശങ്ങൾക്കായി
പോരാടുന്നതിനോടൊപ്പം കടമയെക്കുറിച്ചുള്ള ഓർമ്മയും സംസ്കാര സമ്പന്നനായ തൊഴിലാളിക്ക്
തിലകക്കുറി ചാർത്തുമെന്നതിൽ സംശയമില്ല.
സ്വന്മക്കായി, സഹജീവികളുടെ നന്മക്കായി,
രാഷ്ട്ര പുരോഗതിക്കായി പുതിയൊരു തൊഴിൽ സംസ്കാരം ഉദയം ചെയ്യട്ടെ. ചൂഷിതരില്ലാത്ത,
ചൂഷകരില്ലാത്ത ഒരു സമൂഹ സൃഷ്ടിക്കായി നമുക്ക് അദ്ധ്വാനിക്കാം, പോരാടാം. അവകാശ സമരങ്ങളിൽ രക്തസാക്ഷികളായവരെ, അവരുടെ
സേവനങ്ങളെ ഈ മെയ് ദിനാചരണ വേളയിൽ നമുക്ക് അനുസ്മരിക്കാം. അവരുടെ കുഴിമാടങ്ങളിൽ
നന്ദിയുടെ അരുണപുഷ്പങ്ങൾ നമുക്ക് അർപ്പിക്കാം. അവരുടെ ത്യാഗോജ്ജ്വല ചരിത്രത്തിനു
മുന്നിൽ നമുക്കർപ്പിക്കാം ഒരായിരം അഭിവാദ്യങ്ങൾ. ഇൻക്വിലാബ് സിന്ദാബാദ്!!!
(തുടരും)
MAY DAY GREETINGS
HAPPY MAY DAY
TO ALL OF YOU,
COMRADES
No comments:
Post a Comment